WMC Unification in NJ

ഡബ്ള്യുഎംസിയും യുക്മയും സഹകരണത്തിനു ധാരണയായി

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളിസംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഡബ്ള്യുഎംസിയും യുക്മയും സഹകരിക്കാന്‍ ധാരണയായി.

യുക്മ ഭാരവാഹികള്‍ നടത്തി വന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു സഹകരണത്തിനുള്ള തീരുമാനമുണ്ടായത്.

യുക്മയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമായി വേണം ലോക മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സഹകരണ വാഗ്ദാനത്തെക്കാണാന്‍. വേള്‍ഡ് മലയാളി കൌണ്‍സിലിലെ രണ്ടു പ്രബലവിഭാഗങ്ങള്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ വിഭാഗവും ഡോ. ജോര്‍ജ് ജേക്കബ് വിഭാഗവും തങ്ങളുടെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ചതോടെയാണു സ്ഥാപക അംഗങ്ങളുള്‍പ്പെടുന്ന യുകെ പ്രൊവിന്‍സ് ഭാരവാഹികള്‍ വിപുലീകരണത്തിനൊരുങ്ങുന്നത്.

കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതോടെ മാത്രം സജീവമാകുമെന്നു തീരുമാനിച്ചിരുന്ന യുകെ പ്രൊവിന്‍സ് ഭാരവാഹികളോടൊപ്പം യുക്മയും സഹകരിക്കുന്നതോടുകൂടി ആഗോള അടിസ്ഥാനത്തില്‍ മലയാളികള്‍ ഒന്നടങ്കം യോജിക്കേണ്ടതിന്റെ ആവശ്യകതയുടെ സന്ദേഹങ്ങള്‍ക്ക് വിരാമമാകുകയാണ്.

ഡബ്ള്യുഎംസി സ്ഥാപകാംഗവും യുകെ പ്രൊവിന്‍സ് സെക്രട്ടറിയുമായ അബ്ദുള്‍ നജീബിന്റെ പ്രത്യേക താത്പര്യപ്രകാരമുള്ള ചര്‍ച്ചകളും യുക്മയുടെ പ്രതിനിധി ആന്‍സി ജോയിയുടെ ദുബായി സന്ദര്‍ശനത്തിലെ വേള്‍ഡ് മലയാളി മീറ്റിന്റെ അനുഭവങ്ങളും യോജിപ്പിന്റെ പാതയില്‍ മുതല്‍ക്കൂട്ടായി.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുവിഭാഗത്തിലെയും നേതാക്കളായ വി.സി. പ്രവീണ്‍, എ.എസ്. ജോസ്, അഡ്വ. സിറിയക് തോമസ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, അലക്സ് കോശി എന്നീ നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ ഡബ്ള്യുഎംസി യുകെയില്‍ യുക്മയുമായി കൈകോര്‍ക്കുമ്പോള്‍ മലയാളികളുടെ ആഗോളപ്രവര്‍ത്തനത്തിന്റെ പുത്തന്‍ ഉണര്‍വിന്റെ കാഹളമുയരുകയാണ്.

ഏതൊക്കെ തലങ്ങളില്‍ എന്തൊക്കെയാണു ചെയ്യാന്‍ സാധിക്കുക എന്നതിന്റെ പൂര്‍ണരൂപം ജൂണ്‍ 20ന് അമേരിക്കയിലെ ന്യൂജേഴ്സിയിലും നാട്ടില്‍ ചെന്നൈയിലുമായി നടക്കുന്ന ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെയും ഒപ്പം യൂണിഫിക്കേഷന്‍ പ്രഖ്യാപനവും ഗ്ളോബല്‍ എക്സിക്യൂട്ടീവ് സമിതി തെരഞ്ഞെടുപ്പും നടക്കുമെന്നു വിശ്വസിക്കുന്ന ഗ്ളോബല്‍ മീറ്റിനും ശേഷം യുക്മ ഭാരവാഹികളും ഡബ്ള്യുഎംസി യുകെ പ്രൊവിന്‍സ് ഭാരവാഹികളും ചേര്‍ന്നു തീരുമാനിക്കും.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍. ശേഷനും വൈസ് ചെയര്‍മാന്‍ ഡോ. ബാബു പോള്‍ ഐഎഎസും വൈസ് പ്രസിഡന്റ് കെ.പി.പി. നമ്പ്യാരും ആയിരുന്നു. ആഗോള ചെയര്‍മാന്മാരായ വി.സി. പ്രവീണ്‍, എ.എസ്. ജോസ്, അഡ്വ. സിറിയക് തോമസ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, അലക്സ് കോശി എന്നിവരുടെ സംശുദ്ധവും കരുത്തുറ്റതുമായ നേതൃത്വത്തിലാണ് ഇപ്പോള്‍ ഡബ്ള്യുഎംസി പ്രവര്‍ത്തിക്കുന്നത്.

Categories: New

Comments are closed